top of page
Writer's pictureAiswarya NJ

മാജിക്‌, കേൾവിയുടെ മാജിക്‌ | കൂട്ട്

Updated: May 26

ഈ ലോകത്ത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന്, ജീവിതത്തിലെ ഓരോ അവസ്ഥയിലും എന്നെ കേൾക്കാൻ ആരൊക്കെയോ കൂടെ ഉണ്ടായിരുന്നു എന്നതാണ്. അല്ലെങ്കിൽ ഒരുപക്ഷേ ഈ വാക്കുകൾ ഇവിടെ കോറിയിടാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല. എന്നെ അവർ കേട്ടില്ലായിരുന്നെങ്കിലോ, അല്ലെങ്കിൽ കേട്ടതിനു ശേഷം കുറ്റപ്പെടുത്തുകയോ,ഒറ്റയ്ക്കാക്കുകയോ ചെയ്തിരുന്നെങ്കിലോ?


അന്ന് എനിക്കതൊന്നും സഹിക്കാൻ ആകുമായിരുന്നില്ല. കാരണം അന്നത്തെ എന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു അത് എത്രയോ അധികം ബാധിക്കപെട്ടിരുന്നു എന്ന്. എന്നാൽ അതൊന്നും തിരിച്ചറിയാനോ മനസിലാക്കാനോ അന്നെനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്ക് സമാധാനം ഉണ്ടായിരുന്നില്ല. എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിൽ തിങ്ങി നിറഞ്ഞിരുന്നു. അത്രയേ അറിയുമായിരുന്നുള്ളു.


വളരെ കാലങ്ങൾക്കിപ്പുറം ഞാൻ ആലോചിക്കുമ്പോൾ, അത്തരം വിഷമങ്ങൾ എന്നെ ശ്വാസം മുട്ടിച്ചപ്പോൾ ഓരോ തവണയും

എന്നെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത് മുൻവിധിയോടെയല്ലാതെ മടുപ്പോടെയല്ലാതെ സ്നേഹത്തോടെയും അനുകമ്പയോടെയും എന്നെ ശ്രവിച്ച മനുഷ്യരാണ്. അവർ തന്ന മാർഗനിർദേശങ്ങളാണ്.


ഒരു മനുഷ്യന്റെ മനസ്സിനെ രോഗം ബാധിക്കുകയും, എന്നാൽ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാകാതെ ആ അവസ്ഥയിൽ ഓരോ ദിവസവും ജീവിക്കേണ്ടി വരികയും ചെയ്യുന്നത് വല്ലാത്തൊരു ദുരിതമാണ്. ആ അവസ്ഥയിൽ തുടങ്ങി ഒരു മാനസികാരോഗ്യ വിദഗ്ധന്റെ അടുക്കൽ എത്തുന്നത് വരെ ആ ജീവനെ നഷ്ടപ്പെടുത്താതെ പരിപാലിക്കാൻ ഒരു കേൾവിക്കാരന് സാധിക്കും എന്നതിൽ ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ ആ തിരിച്ചറിവുകളുടെ യാത്രയിലെ കാലതാമസത്തിനിടയിൽ മനസ്സിന്റെ ഭാരം താങ്ങാനാകാതെ ഒരുപക്ഷേ ആ വ്യക്തി ഈ ലോകത്തുനിന്ന് വിടപറഞ്ഞേക്കാം.


ഒരു മനുഷ്യനെ അവന്റെ ദുഃഖങ്ങളിൽ കേട്ടിരിക്കുക എന്നത് എളുപ്പമല്ല എന്നത് യാഥാർഥ്യമാണ്. കാരണം ആ പറച്ചിലുകളിൽ പല പ്രശ്നങ്ങളും ഉണ്ടാകാം. ആശ്വസിപ്പിച്ചിട്ടും വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞുകൊണ്ടിരുന്നെന്നും വരാം. ആ സംസാരം മണിക്കൂറുകൾ നീണ്ടു പോയേക്കാം. അവരെ ക്ഷമയോടെ കേൾക്കുക എന്നതാണ് ഏറ്റവും വലിയ സ്നേഹം.കേൾവിക്ക് ഇന്ന് ജീവന്റെ വിലയാണ്. മനസ്സുതുറന്നു സംസാരിച്ചാൽ… കൂടെയുണ്ട് എന്നൊരു വാക്കുകേട്ടാൽ ഇല്ലാതാകുന്ന സങ്കടങ്ങളും ഉണ്ട്. ഒരു മാനസികാരോഗ്യവിദഗ്ദ്ധന്റെ സഹായം തേടി ഉണക്കേണ്ട വിഷാദത്തിന്റെ മുറിവുകളും ഉണ്ട്. കൂടെയുള്ളവരെ കേട്ട് നമ്മൾ തിരിച്ചറിയണം. കേൾക്കാനും കൂടെനിൽക്കാനും ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന എത്രയോ മനുഷ്യരുണ്ടാകും,

എത്രയോ മനുഷ്യർ അങ്ങനെ ഒരാളെ കണ്ടെത്താനാകാത്തതുകൊണ്ട് മാത്രം

ഈ ലോകം വിട്ടുപോകുന്നതിനെ പറ്റി ചിന്തിച്ചിരിക്കാം.


അങ്ങനെ തീരുമാനിച്ചിരിക്കാം....

ഈ ലോകം വിട്ടുപോയിരിക്കാം...


നമുക്ക് പറഞ്ഞുകൂടെ,

നമ്മുടെ കൂടെയുള്ള മനുഷ്യരോട്.

നമുക്ക് കേട്ടുകൂടെ

നമ്മുടെ കൂടെയുള്ള മനുഷ്യരെ!


മാജിക്‌, കേൾവിയുടെ മാജിക്‌ | കൂട്ട്

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
bottom of page