കൂർഗിലെ ഒരു തണുപ്പുള്ള രാത്രി സംഭവിച്ച ഒരു കഥ പറയാം. ചെറിയൊരു കഥ. നാലാളുകൾ ചിരിച്ചൊരു കുളിരുള്ള കഥ.
കരിക്കട്ട പോലത്തെ കറുപ്പുള്ള രാത്രിയിൽ, കരിങ്കല്ല് പോലത്തെ തണുപ്പിൽ കോച്ചി പിടിച്ചിരുന്ന് നാലാളുകൾ ചൂട് കായുകയുണ്ടായി. തീ ഇല്ല, പുക ഇല്ല, കണ്ണ് കാണാൻ പോലും വെളിച്ചവുമില്ല. എങ്കിലും അവിടെ അണയാത്ത ഒരു ചൂട് ഉണ്ടായിരുന്നു. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സഹാനുഭൂതിയുടെ ഒരു ജ്വാല. അത് അദൃശ്യമായ ഒരു തീ വലയം ആയിരുന്നില്ല. തീയേക്കാളും തീക്ഷ്ണതയുള്ള ഏതോ ഒരു സ്നേഹത്തിന്ൻ്റെ അണയാത്ത ജ്വാല ആയിരുന്നു.
ആ നാലുമനുഷ്യരും ഒരുമിച്ചിരുന്നു. ചേർന്നിരുന്നു. തീ ഇല്ല, പുക ഇല്ല, വെളിച്ചമില്ല എന്ന് ഞാൻ പറഞ്ഞത് ശരിക്കും ഒരു കള്ളം ആയിരുന്നു. നമ്മൾക്ക് കാണാൻ പാകത്തിന് ഇതൊന്നുമില്ലാ എന്നെ ഉണ്ടായിരുന്നുള്ളു.
തീ ഉണ്ടായിരുന്നു. മനസ്സിനുള്ളിലെ അണയാത്ത തീ. ജീവൻ കാർനെടുക്കുന്ന തീ. സർവ്വതും ചാരമാക്കി മാറ്റുന്ന, കനലാവുന്ന തീ, ആ തീയിൽ ഉറച്ചു കല്ലായി മാറിയവരാണിവർ. അത് പോലെ പുകയുമുണ്ടായിരുന്നു. കരച്ചിൽ വരുത്തുന്ന, ശ്വാസം മുട്ടിക്കുന്ന, വരൾച്ച തോന്നിക്കുന്ന കറുത്ത കട്ടിയുള്ള പുക. ഇവയ്ക്കൊപ്പം വെളിച്ചവും ഉണ്ടായിരുന്നു എവിടെയോ. എന്നാൽ അതിനെ പറ്റി ഇപ്പോൾ അവർ പോലും സംസാരിക്കുകയുണ്ടായിരുന്നില്ല. കട്ട പുകയും കടന്നു, കട്ടി പാറയും പിളർന്നു വെളിച്ചം പുറത്തേക്ക് വരാത്തതുകൊണ്ടാവണം, അവരും പതിയെ അതങ്ങു മറന്നു തുടങ്ങിയിരുന്നു.
കൂർഗിലെ കോട, മരവിച്ച മനസ്സുകളെ വീണ്ടും മരവിപ്പിച്ചുകൊണ്ടിരുന്നു. കരിമ്പാറയും തണുത്ത് പിന്നെ അതിനുള്ളിലേക്കും മരവിപ്പ് പടർന്നു പിടിക്കാൻ തുടങ്ങി. രാത്രിയുടെ കട്ടി കൂടി കൂടി വരവേ തണുപ്പിന്റെ കട്ടിയും കൂടി. കോട പുതച്ചിരുന്ന ആ നാലുപേരുടെ ഉള്ളിൻറെയുള്ളിലെ തീ ആ തണുപ്പിനെ അറിയാൻ തുടങ്ങി. മനസ്സിനുള്ളിലൊരു മൽപ്പിടുത്തം തന്നെ തുടങ്ങി. തീക്കട്ടകളും പുകച്ചിലുകളും ഓരോന്നോരോന്നായി അടങ്ങി. യുദ്ധം മുറുകി. കോട അലിഞ്ഞ് കണ്ണീരായി മാറി. അവരുടെ ഉള്ളിലെ യുദ്ധം കഴിഞ്ഞു. കോട ജയിച്ചു. കണ്ണുകൾ നിറഞ്ഞു, ചുണ്ടുകൾ ചിരിച്ചു. അവരുടെ മനസ്സിലാകെ തണുപ്പ് പടർന്നു.
തണുപ്പ്. മനസ്സിലും ശരീരത്തിലും തിരഞ്ഞു കേറി ഉള്ളാകെ കുളിർമ കോരിക്കുന്ന സുഖമുള്ളൊരു തണുപ്പ്. കൈകൾ കോർക്കാനും, ചേർന്നിരിക്കാനും, മുറുകെ പിടിക്കാനും ഒന്നിച്ചിരിക്കാനും ആവശ്യപ്പെടുന്ന ദുർബലനായ തണുപ്പ്. തണുപ്പത്ത് ചുറ്റും നോക്കിയ അവർക്കു തമ്മിൽ തമ്മിൽ തിരിച്ചറിയാനും, കൂടെ കൂടാനും, അടുത്തിരിക്കാനും തോന്നി. കരയുന്ന കണ്ണുകളോ, തകർന്ന മനസ്സുകളോ, തണുപ്പിനോട് തോറ്റ് പോയ തങ്ങളുടെ യുദ്ധങ്ങളോ ഒന്നും അവർക്കൊരു പ്രശ്നമായി തോന്നിയിട്ടേ ഇല്ലായിരുന്നു. അടുത്തണഞ്ഞിരുന്ന ഈ നാൽവർസംഘത്തിന് പങ്കുവെക്കാനായി ബാക്കിയുണ്ടായിരുന്നത് പണ്ടെങ്ങോ ചിരിച്ചു മറന്ന ഒരു ചിരിയുടെ പൊള്ളലേൽക്കാതെ അവശേഷിച്ച ചെറിയൊരംശം മാത്രം ആയിരുന്നു. അതവർ മുഴു മനസ്സോടെ നിസ്വാർത്ഥമായി അവിടെ തന്നെ തുല്യമായി പങ്കുവെച്ച് മുറിച്ചു.
കൂട്ടായ ചിരിയുടെ ശബ്ദം അവർ കരുതിയതിലും കൂടുതലാണെന്നവർക്ക് മനസ്സിലായി. അത് കൂട്ടവും കഴിഞ്ഞ്, കോടയും മുറിച്ച്, ആകാശവും തുളച്ച് ദൂരേക്കെവിടേയ്ക്കോ യാത്ര ചെയ്തു. ഭാവിയുടെ മലമുകളിലും ഭൂതകാലത്തിന്റെ താഴ്വാരങ്ങളിലുമൊക്കെ ചിരിയുടെ ചിലമ്പൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ഇതവർക്കൊരു കൗതുകമായി. അതൊന്നുകൂടി കേട്ടാൽ കൊള്ളാമെന്നൊരു ചെറിയ ആശ തോന്നാൻ തുടങ്ങി. ചിരിക്കാൻ ഇനി ചിരി എവിടെ? തപ്പി നോക്കി. പാറയുടെ ഇടുക്കുകളിലും ചാമ്പൽ കൂട്ടത്തിലും കത്തി കരിഞ്ഞ് തകർന്നടിഞ്ഞ അവശിഷ്ടങ്ങളിലുമൊക്കെ തപ്പി തടഞ്ഞപ്പോൾ അവർക്കാകെ കിട്ടിയത് ഒരു ചിരിക്കുള്ള മരുന്ന് മാത്രമാണ്. സർവ ശക്തിയുമെടുത്തവരാ ചിരി ആഞ്ഞങ്ങ് ചിരിച്ചു. ആദ്യത്തെ ചിരിയെയും താണ്ടി ഇതങ്ങ് സഞ്ചരിച്ചു എന്ന് മാത്രമല്ല മനസിലെ അനങ്ങാപ്പാറയ്ക്ക് ഒരു ചെറിയ കുലുക്കം തട്ടിയതായും അവരറിഞ്ഞു. അവർക്കത് ഇഷ്ട്ടപ്പെട്ടു. പാറക്കുള്ളിലെ വെളിച്ചത്തിനെ പറ്റി അവർ അപ്പോൾ വീണ്ടും ഓർമിച്ചു. ഇപ്പോൾ അവർ ആ വെളിച്ചം കാണാൻ ശരിക്കും ആഗ്രഹിച്ചു.
പാറ പൊട്ടിക്കാൻ ചിരിവേണം. പക്ഷെ ഇനി ചിരിക്കാൻ ചിരി ഇല്ല. അപ്പോൾ എന്ത് ചെയ്യും? അന്വേഷിക്കുക. കിട്ടുന്നത് വരെ തേടുക. ഇല്ലെങ്കിൽ മെനഞ്ഞെടുക്കുക, അധ്വാനിക്കുക.
തലങ്ങും വിലങ്ങും ചിരി അന്വേഷിച്ചു തകർക്കുകയായിരുന്നു അവർ. ഒരൗൺസ് ചിരിക്ക് വേണ്ടി അവർ തിരയാത്ത സ്ഥലങ്ങൾ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. മുമ്പ്, ഇനി ഒരിക്കലും തിരിച്ച് ചെല്ലില്ല എന്ന് പറഞ്ഞൊറപ്പിച്ച പല സ്ഥലങ്ങളിലേക്കും അവർ ഒരു മടിയും കൂടാതെ ചിരിയെ അന്വേഷിച്ചു തിരികെ കയറി ചെന്നു. പേടിച്ചു മാറി നിന്നിരുന്ന പല ഉയരങ്ങളിലേക്കും മലയിടുക്കുകളിലേക്കും താഴ്വാരങ്ങളിലേക്കും നദീ തടങ്ങളിലേക്കും ആ രാത്രി തീർന്നുപോകും മുമ്പ് തന്നെ അവർ ചിരിയെ തേടി പോയി. ചില്ലറ അളവിൽ അവർ ചിരികളോരോന്നായി സ്വരുക്കൂട്ടി. ഒടുക്കം നോക്കുമ്പോൾ, അവർക്ക് ഉണ്ടായിരുന്നു എന്നവർക്കറിയാവുന്നതിലും കൂടുതലായിരുന്നു അവർ തിരികെ കൊണ്ടു വന്ന ചിരിയുടെ കണക്ക്. തമ്മിൽ പങ്ക് പറയാതെ കിട്ടിയ ചിരിയെല്ലാം അവർ നാലായി മുറിച്ചു ഒരുമിച്ച് നിറച്ചു വെച്ചു. എല്ലാം ചേർത്ത് വച്ച ശേഷം അവർ ഉറക്കെയുറക്കെ ചിരിച്ചു. ചിരിക്കാൻ വേണ്ടി ചിരിച്ചു. ചിരിക്ക് വേണ്ടി ചിരിച്ചു. പാറ പൊടിയാൻ വേണ്ടി ചിരിച്ചു. കണ്ണ് നിറയുവോളം ചിരിച്ചു. ഒടുവിൽ ഏതോ ഒരു ചിരിക്കിടയിൽ ആ യെമണ്ടൻ പാറ അങ്ങ് നടുവേ പിളർന്നു, അകമേ തകർന്നു, പൊടിയായി കാറ്റിലും കരയിലും കോടയിലും കലർന്ന് കാണാതെപോയി. അപ്പോളാ കോടയാകെ വെളിച്ചം കൊണ്ട് തിളങ്ങി. കൊടഗാകെ അവരുടെ ചിരിയും വെളിച്ചവും കൊണ്ട് നിറഞ്ഞു. അപ്പോൾ അങ്ങ് ദൂരെ എവിടെയോ ആകാശത്തിന്റെ ഒരറ്റത്തായി പതിയെ വെള്ളകീറി ഒരു പ്രഭാതം ഉണരാൻ തുടങ്ങിയിരുന്നു.
Nannaayittund :)